LABHA-PRABHA

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

LABHA-PRABHA

Post by ntjobthirur »

വൈദ്യുതി ലാഭിച്ചാല്‍ പണം; കൈനിറയെ സമ്മാനങ്ങള്‍ * രണ്ടുകോടി രൂപയുടെ സമ്മാനങ്ങളുമായി ബോര്‍ഡിന്റെ 'ലാഭപ്രഭ' 23 ന് തുടങ്ങും


തിരുവനന്തപുരം: വൈദ്യുതി ലാഭിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് പണവും സമ്മാനവും നല്‍കുന്ന പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്. 'ലാഭപ്രഭ' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിക്ക് മാര്‍ച്ച് 23 ന് ലോക ഭൗമദിനാചരണത്തിന്റെ ഭാഗമായി വിളക്കണയ്ക്കുന്ന വേളയില്‍ തുടക്കമാവുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. പത്തുശതമാനം വൈദ്യുതി ലാഭിക്കുന്ന പ്രദേശങ്ങളില്‍ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിക്കും. ഇപ്പോള്‍ 60 ദശലക്ഷം യൂണിറ്റുവരെ പ്രതിദിനം വേണ്ടിവരുന്നുണ്ട്. ഇതില്‍ നല്ലൊരു പങ്ക് ലാഭിച്ച് വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുത്താനാണ് ശ്രമം.

മാര്‍ച്ച് 23 മുതല്‍ മെയ് 31 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സമയത്ത് ഒരു ഉപഭോക്താവ് ലാഭിക്കുന്ന വൈദ്യുതിയുടെ പകുതിവില അവര്‍ക്ക് തിരികെ നല്‍കും. ഉദാഹരണത്തിന് ഈ കാലത്ത് ഒരു ഉപഭോക്താവ് 10 യൂണിറ്റ് വൈദ്യുതി ലാഭിച്ചാല്‍ ബില്ലില്‍ അതിന്റെ നിരക്ക് കുറയുന്നതിനുപുറമെ അഞ്ചുയൂണിറ്റിന്റെ തുക അവര്‍ക്ക് സമ്മാനമായി ലഭിക്കും. ഇത് പണമായി സ്വീകരിക്കാതെ ബില്ലില്‍ കുറയ്ക്കാനും ആവശ്യപ്പെടാം.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആദ്യം എസ്.എം.എസിലൂടെ രജിസ്റ്റര്‍ ചെയ്യണം. എസ്.എം.എസ് നമ്പര്‍ പിന്നീട് അറിയിക്കും. കണ്‍സ്യൂമര്‍ നമ്പര്‍, ഇലക്ട്രിക്കല്‍ സെക്ഷന്റെ പേര്, പദ്ധതിയില്‍ ചേരുമ്പോഴുള്ള മീറ്റര്‍ റീഡിങ് എന്നിവയാണ് എസ്.എം.എസിലൂടെ അറിയിക്കേണ്ടത്. മീറ്റര്‍ റീഡിങ് നടത്തുമ്പോള്‍ ഉപഭോഗം കുറച്ചതായി കണ്ടെത്തുന്നവര്‍ക്ക് ആഴ്ചതോറും സമ്മാനങ്ങളും ബമ്പര്‍ സമ്മാനങ്ങളും നല്‍കും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയ്യായിരം പേര്‍ക്ക് സി.എഫ്.എല്‍, ആയിരംപേര്‍ക്ക് സൗരോര്‍ജ റാന്തല്‍, ടേബിള്‍ ലാമ്പ്, എല്‍.ഇ.ഡി ബള്‍ബുകള്‍ എന്നിവയും സമ്മാനമായികിട്ടും. ഏറ്റവുംകൂടുതല്‍ വൈദ്യുതി ലാഭിക്കുന്ന 100 പേര്‍ക്ക് ഒരു കിലോവാട്ട് വീതം ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുത പ്ലാന്റ് സമ്മാനമായി നല്‍കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ പറഞ്ഞു.

ഫീഡറുകള്‍ കേന്ദ്രീകരിച്ചാണ് 'നോ ലോഡ് ഷെഡ്ഡിങ്' എന്ന പ്രചാരണം നടത്തുന്നത്. ഒരു ഫീഡറിന് കീഴിലുള്ള ഉപഭോക്താക്കളുടെ കൂട്ടായ്മ രൂപപ്പെടുത്തണം. ഇതിന് ജനപ്രതിനിധികളോ പഞ്ചായത്തോ മറ്റ് സംഘടനകളോ മാധ്യമങ്ങളോ മുന്‍കൈയെടുക്കണം. എന്നിട്ട് ഇവര്‍ ചേര്‍ന്ന് വൈദ്യുതി ഉപഭോഗം പത്തുശതമാനം കുറയ്ക്കാന്‍ തീരുമാനിക്കണം. ഒരാഴ്ച പത്തുശതമാനം ഉപഭോഗം കുറച്ചാല്‍ അടുത്തയാഴ്ച ഈ പ്രദേശത്ത് ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കും.

വൈദ്യുതി ലാഭിക്കുന്ന വ്യവസായ, മാധ്യമ സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്ന പദ്ധതിക്ക് രൂപംനല്‍കുമെന്നും ചെയര്‍മാന്‍ എം.ശിവശങ്കര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡ് അംഗങ്ങളായ എം.മുഹമ്മദലി റാവുത്തര്‍, സി.കെ.ദയാപ്രദീപ്, അന്നമ്മജോണ്‍ എന്നിവരും പങ്കെടുത്തു.
Post Reply