വൈദ്യുതിബോര്‍ഡിന് ബി+ മാത്രം
എസ്.എന്‍. ജയപ്രകാശ് Mathrubhumi 25/3/2013
ധനസഹായ സാധ്യത കുറയും
റേറ്റിങ് നടത്തിയത് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനുവേണ്ടി പ്രമുഖ റേറ്റിങ് ഏജന്‍സികളായ 'ഇക്ര'യും ക്രെഡിറ്റ് അനാലിസിസ് ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡും ചേര്‍ന്ന് . കേരളത്തെ പിന്നിലാക്കിയത് ജനങ്ങള്‍ക്ക് നല്കുന്ന ഇളവുകളും കമ്പനിയാക്കാത്തതും.
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണ സ്ഥാപനങ്ങളില്‍ കേരളത്തിലെ വൈദ്യുതിബോര്‍ഡിന് ബി പ്ലസ് ഗ്രേഡ് മാത്രം. സബ്സിഡിയും സാമൂഹ്യ ബാധ്യതകളുമൊന്നും കണക്കിലെടുക്കാതെ സാമ്പത്തിക ഭദ്രതമാത്രം അടിസ്ഥാനമാക്കിയാണ് ഈ റേറ്റിങ്. ബോര്‍ഡിന് കേന്ദ്ര പദ്ധതികളില്‍ നിന്നുള്ള സാമ്പത്തിക സഹായവും വായ്പയും ആവശ്യാനുസരണം കിട്ടുന്നതിന് ഇത് തടസ്സമാവും. ഇപ്പോള്‍ത്തന്നെ ബോര്‍ഡിന് വായ്പനല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ല.
നിരക്ക് കൂട്ടിയും ഇളവുകള്‍ ഒഴിവാക്കിയും വൈദ്യുതി വിതരണം ലാഭകരമാക്കിയാല് മാത്രമേ കേന്ദ്ര പദ്ധതികളിലെ സഹായവും ബാങ്ക്വായ്പകളും ലഭിക്കൂ എന്ന സന്ദേശമാണ് ഈ റേറ്റിങ് നല്‍കുന്നത്. റേറ്റിങ്ങില്‍ പിന്നാക്കമായ സ്ഥാപനങ്ങളെ നില മെച്ചപ്പെടുത്താന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
പവര്‍ഫിനാന്‍സ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരുന്നു റേറ്റിങ്. കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാന്‍ നടപടിയെടുക്കണമെന്ന് അടുത്തിടെ പവര്‍ഫിനാന്‍സ് കോര്പ്പറേഷന് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. എന്നാല്‍ സ്വകാര്യവത്കരിക്കില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇക്കാര്യം കോര്‍പ്പറേഷനെ കത്തുമുഖേന ബോര്‍ഡ് ചെയര്മാന് എം.ശിവശങ്കര്‍ അറിയിച്ചിട്ടുണ്ട്.
ഗുജറാത്ത് സര്‍ക്കാറിന്റെ നാല് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് എ പ്ലസ് ലഭിച്ചത്. ഇവിടെ വൈദ്യുതി ബോര്‍ഡ് വിഭജിച്ച് രൂപവത്കരിച്ച ദക്ഷിണ്, ഉത്തര്‍, മധ്യ, പശ്ചിമ വൈദ്യുതി കമ്പനികള്‍ക്കാണ് ഈ ഗ്രേഡ് ലഭിച്ചത്. പശ്ചിമ ബംഗാളിലെയും മഹാരാഷ്ട്രയിലെയും വൈദ്യുതി വിതരണ കമ്പനികള്‍ക്ക് എ ഗ്രേഡുണ്ട്.
കേരള വൈദ്യുതി ബോര്‍ഡ് ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍ക്ക് ബി പ്ലസും 10 സ്ഥാപനങ്ങള്‍ക്ക് ബി ഗ്രേഡും ലഭിച്ചു. എട്ടെണ്ണത്തിന് സി പ്ലസും നാലെണ്ണത്തിന് സി ഗ്രേഡും ഉണ്ട്. 80 നും 100നും ഇടയ്ക്ക് മാര്‍ക്കുള്ളവര്‍ക്കാണ് എ പ്ലസ്. 50 നും 65 നും ഇടയ്ക്കാണ് ബി പ്ലസിന് വേണ്ടത്. കമ്പനിവത്കരിക്കാത്തതിനാല് 15 മാര്‍ക്കാണ് കേരളത്തിലെ വൈദ്യുതി ബോര്‍ഡിന് കുറഞ്ഞത്. അതുകൊണ്ട് 12-ാം റാങ്കിലേക്ക് ബോര്‍ഡ് താഴ്ത്തപ്പെട്ടു.
വൈദ്യുതി വിതരണം ലാഭകരമാവുന്ന തരത്തില്‍ ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചതും കമ്പനിവത്കരണവും വിഭജനവും പൂര്‍ത്തിയാക്കിയതുമാണ് ഗുജറാത്തിലെ സ്ഥാപനങ്ങളെ മുന്നിലെത്തിച്ചത്. ബംഗാളിലും കമ്പനിവത്കരണം പൂര്‍ത്തിയായി. വ്യവസായ, വാണിജ്യമേഖലയിലുള്ളതിനെക്കാള് ഇവിടെ കാര്‍ഷിക കണക്ഷനുകള്‍ കുറവാണ്. അതിനാല്‍ ക്രോസ് സബ്സിഡിയും കുറവാണ്. ബോര്‍ഡിന്റെ കടംവീട്ടാന്‍ സര്‍ക്കാര്‍ വായ്പ നല്കുന്നു.
പശ്ചിമബംഗാളില്‍ ബോര്‍ഡിന് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത അതതുമാസം തന്നെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നു. ഇതൊക്കെയാണ് ബംഗാളിന്റെ നേട്ടങ്ങളായി റേറ്റിങ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.
കേരളത്തില്‍ കൂടുതല്‍ സബ്സിഡി നല്‍കുന്നത് പ്രധാന പ്രശ്നമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും ഇളവുകള്‍ ലഭിക്കുന്നവരാണ്. കമ്പനിവത്കരണവും വിഭജനവും പൂര്‍ത്തിയാക്കാതെ ബോര്‍ഡ് ഇപ്പോഴും ഒറ്റ ഘടകമായി തുടരുന്നു. വൈദ്യുതി ഉത്പാദനത്തിന് പുതിയ ശ്രമങ്ങളില്ല.
ഉയര്‍ന്നവിലയ്ക്ക് പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്നു. എല്ലാ കണക്ഷനുകള്‍ക്കും മീറ്റര്‍ സ്ഥാപിച്ചതും വൈദ്യുതി ചാര്‍ജ് പിരിക്കാനുള്ള ഫലപ്രദമായ സംവിധാനവും കേരളത്തിന്റെ നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇവിടത്തെ പ്രത്യേകതയായ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത് ശരിയല്ലെന്ന സമീപനമാണ് കേന്ദ്രമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. സമ്പൂര്‍ണ വൈദ്യുതിവത്കരണത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെയും കണക്കിലെടുത്തിട്ടില്ല.
B+ve for KSEB
Moderator: kunjunnips