Page 1 of 1

ഓണസദ്യയുടെ അപൂര്‍വ രുചി-വി.മധുസൂദനന്‍ നായര്‍-

Posted: Fri Aug 31, 2012 9:42 am
by nmshamim
ഓണസദ്യയുടെ അപൂര്‍വ രുചി-വി. മധുസൂദനന്‍ നായര്‍ - From different Perspective of our own POET

http://www.madhyamam.com/news/187696/120829

ആണ്ടിലൊരിക്കല്‍ ഓണത്തിനും പള്ളിക്കൂടം തുറക്കുമ്പോഴുമാണ് ഞങ്ങള്‍ക്ക് കോടിയുടുപ്പും കോടിമുണ്ടും കിട്ടിയിരുന്നത്. അതുകൊണ്ട് പുതുവസ്ത്രത്തിന്റെ മണവും പകിട്ടും വളരെ ആഹ്ലാദകരമായിരുന്നു. അക്കാലത്ത് ഒരു വീട്ടിലും എന്നും വിഭവസമൃദ്ധമായ ഊണ് ഉണ്ടായിരുന്നില്ല. അതിനാല്‍, ഓണ നാളുകളിലെ സദ്യക്ക് അപൂര്‍വമായ രുചിയുണ്ടായിരുന്നു. വിളയാടാന്‍ പറമ്പും പുരയിടവും ധാരാളം. ട്യൂഷനും ഒഴിവുകാല ശില്‍പശാലകളുമൊന്നുമില്ലാത്തതിനാല്‍ എല്ലാരുമൊത്ത് കളിക്കാന്‍ ആവോളം നേരം കിട്ടിയിരുന്നു. ഓണക്കാലം അങ്ങനെ ഉല്ലാസത്തിന്റെ കാലമായിരുന്നു.
മരക്കൊമ്പില്‍ കെട്ടിയ വള്ളിയൂഞ്ഞാല്‍ (ഉലക്കയാണ് മിക്കവാറും ഊഞ്ഞാല്‍പ്പടി). അമ്മൂമ്മ മുതല്‍ കൈക്കുഞ്ഞുവരെ ഊഞ്ഞാലില്‍ ഊഴമിട്ടൂഴമിട്ട് ആടും. പലരും പാടുന്ന പാട്ടുകള്‍ കേട്ട് സ്വയം പാട്ടുകള്‍ ചിലര്‍ കെട്ടിയുണ്ടാക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരവരുടെ കളികളിലേര്‍പ്പെടും. ഒരു കര മുഴുവന്‍ ഒന്നിച്ചുകൂടുമ്പോള്‍ അവരില്‍ നിറഭേദമോ തരഭേദമോ മതഭേദമോ അധികം കണ്ടിട്ടില്ല. മനസ്സുകള്‍ എങ്ങനെയോ ഒന്നായിത്തീര്‍ന്നിരുന്നു.
ഓണം വരുംമുമ്പേ കുറേനാള്‍ പലതരം ഉപ്പേരിയുണ്ടാക്കലാണ് വീട്ടമ്മമാരുടെ പണി. ഞങ്ങളുടെ കുപ്പായക്കീശകളില്‍ പാതി ഉണങ്ങിയതും പാതിവെന്തതുമായ പലതരം ഉപ്പേരികളുണ്ടാവും. അവ എല്ലാവര്‍ക്കുമായി പങ്കിടും. ഉപ്പേരിയുണ്ടാക്കും മുമ്പേതന്നെ, ഓണത്തിനായുള്ള അരിയും മറ്റും തയാറാക്കുന്ന തിടുക്കവുമുണ്ട് വീട്ടമ്മമാര്‍ക്ക്. സ്വന്തം പാടത്തുവിളഞ്ഞ നെല്ല് കൊയ്തുമെതിച്ച് ആ നെല്ല് പുഴുങ്ങി കുത്തി അരിയാക്കുന്നു. കന്നിയിലാണ് മിക്കവാറും കൊയ്ത്ത്. ഓണം ചിങ്ങത്തിലാണല്ലോ. നേരത്തേ, അതിലേക്കായി ഇളവിത്ത് വിതച്ചു കൊയ്തിരിക്കും. ആ പുന്നെല്ലിനോടൊപ്പം കരുതിവെച്ച കുറേ പഴനെല്ലും കാണും. നെല്ലും അരിയും ഇല്ലാത്ത വീടുകളില്‍ ഓണമുണ്ണാനുള്ള നെല്ല്, എത്തിച്ചുകൊടുക്കും. ഓരോ കരയിലും ഇങ്ങനെയുണ്ടായിരുന്നെന്നാണ് ഓര്‍മ. ഓണത്തിന്റെ മഹാ സന്ദേശം ഈ നാടന്‍ ജീവിതശീലത്തില്‍ ആരും പറയാതെ -ഒരു പരസ്യവുമില്ലാതെ നിറഞ്ഞിരുന്നു. ആ ശീലത്തിലാണ് കള്ളപ്പറയും ചെറുനാഴിയുമില്ലാത്തത്. ഒരു രൂപക്ക് അരി കൊടുത്തിട്ട് ഒരു കോടി രൂപയുടെ പരസ്യം കൊടുക്കുന്ന പുതിയ ഐക്യമുന്നണി ശീലം ആ പഴയ ഗ്രാമീണര്‍ക്കറിയില്ലായിരുന്നു. വിശക്കുന്ന അടുപ്പുകള്‍ക്ക് അന്നം കരുതുന്ന പഴയ ആ നാട്ടുവഴിയിലാണ് തിരുവോണം കതിരിട്ടത്. (അവനവന്റെ തൊടിയില്‍ വിളഞ്ഞ പച്ചക്കറികള്‍ ഓണത്തിനായി മറ്റു വീടുകളിലെത്തിക്കുകയും ചെയ്തിരുന്നു).
അങ്ങനെ നാട്ടില്‍ വിളഞ്ഞ ഓണമാണ്, വീട്ടില്‍ വെന്തഓണമാണ്, ഞങ്ങളന്ന് ഉണ്ടത്. നാട്ടിടയിലെ കളികളാണ് കളിച്ചത്. തുമ്പയും മുക്കുറ്റിയും പോലെ നാട്ടുമണ്ണില്‍ വിരിഞ്ഞ ആത്മാവിന്റെ ഈണമുള്ള സ്വന്തം പാട്ടുകളാണ് പാടിയത്. സ്വയം തേടിച്ചെന്നു പറിച്ച നാട്ടുപൂക്കളെക്കൊണ്ടാണ് പത്തുനാളും പൂക്കളമിട്ടത്. (ഒറ്റനാള്‍ പൂക്കളമിട്ട് അന്നുതന്നെ തൂത്തുവാരിയില്ല.) തൊട്ടാവാടിപ്പൂവിനുവരെ, ഓണക്കാലത്തെങ്കിലും മാന്യതയുണ്ടായിരുന്നു. ഞങ്ങള്‍ തോവാളക്കപ്പുറത്ത് പൂവിരിയുന്നതു കാത്തുനിന്നില്ല. വാളയാറിനപ്പുറംനിന്ന് അരിയും പച്ചക്കറിയും അടയും വരുന്നതു നോക്കിനിന്നില്ല. കമ്പോളപ്പരസ്യങ്ങള്‍ കണ്ട് വിറളിപിടിച്ചു പാഞ്ഞു നടന്നില്ല. 'ഉള്ളതുകൊണ്ട് ഓണംപോലെ' എന്ന ചൊല്ല് അന്നത്തെ നാടിന്റെ ഉള്ളത്തില്‍നിന്നു വന്നതായിരുന്നു. 'കാണം വിറ്റും ഓണമുണ്ണണം' എന്ന ചൊല്ലുണ്ടായിരുന്നെങ്കിലും ആരും കാണാവകാശം വിറ്റിരുന്നില്ല. വാങ്ങിക്കൂട്ടാനും മോടികൂട്ടാനുമുള്ള ഒരു 'തീറ്റയുത്സവ'വും വിപണനാഘോഷവുമാകും ഓണമെന്ന് അന്നാരും കരുതിയിരിക്കില്ല.
കൃഷിയില്ലാത്ത, സ്വന്തം ഉല്‍പന്നങ്ങളല്ലാത്ത, സ്വന്തം പൂക്കള്‍പോലുമില്ലാത്ത, വിയര്‍ത്തുപണിയാന്‍ ആള്‍ക്കാരില്ലാത്ത ഒരു നാടിന് ഓണമുണ്ണാന്‍ എന്താണവകാശം. ഓണത്തിന് ഒരു കേരള മനസ്സുണ്ട്. ആഗമവും ഐതിഹ്യവും എന്തുതന്നെയായാലും ആ ഒറ്റമനസ്സ് നഷ്ടപ്പെട്ടാല്‍ ബാഹ്യസമൃദ്ധിയുടെ കൊഴുപ്പിനുവേണ്ടി ഓരോ വ്യക്തിയും മത്സരിക്കുന്ന സ്വാര്‍ഥതയുടെ പോരാട്ടപ്പറമ്പായി നാടുമാറിയാല്‍, തങ്ങളില്‍ത്തല്ലിത്തരംപോലെ കൊയ്യുന്ന ഐക്യമുന്നണികളുടെ ആട്ടക്കളം മാത്രമായാല്‍, ഓണത്തിന്റെ 'ഒരുമ' എന്ന ദേവസങ്കല്‍പം പതിരായിപ്പോകും.
പണ്ടും എല്ലാം നല്ലതായിരുന്നില്ല. അനാചാരവും ദുരാചാരവും അത്യാചാരവും ഈ നാട്ടിലും മറുനാട്ടിലുമുണ്ടായിരുന്നു. എങ്കിലും കഴിവതും തന്‍കാലില്‍ നടക്കുന്ന, അവനവനെത്തന്നെ ആശ്രയിക്കുന്ന ഒരു ജീവിതവഴി ഉണ്ടായിരുന്നു. എന്നേക്കുമായുള്ള, എല്ലാവര്‍ക്കുമായുള്ള ഒരു മഹാസ്വപ്നമായി ഓണവും ഉണ്ടായിരുന്നു. സമകാലശീലങ്ങള്‍ സ്വാര്‍ഥബലത്തെ വളര്‍ത്തുകയും സമൂഹബലത്തെ ഇല്ലാതാക്കുകയുംചെയ്ത് ഭുക്തിയുടെ ഭൗതികാഹങ്കാരത്തിലേക്ക് ചീര്‍ത്തുവരുന്നു. സമൂഹമനസ്സിന്റെ ഏകയോഗത്തിനും സ്വാശ്രയം കൊണ്ടുള്ള സ്വാതന്ത്രൃത്തിനും ആത്മവിശുദ്ധിക്കും കര്‍മവിശുദ്ധിക്കും സത്യബോധത്തിനും മുന്നിടം നല്‍കുന്ന ജീവിതത്തിനായി ഒരു നവസമര്‍പ്പണമാകണമേ ഈ തിരുവോണം എന്ന് പ്രാര്‍ഥിക്കുന്നു. മണ്ണും മനുഷ്യനും ജീവജാലങ്ങളും ഒറ്റത്താളത്തില്‍ സ്പന്ദിക്കുന്നു. ഋതുക്കളെല്ലാം അനുകൂലമാകുന്ന ഒരു പ്രപഞ്ച മനസ്സിന്റെ പുനര്‍ജനിക്കാകട്ടെ ഈ തിരുവോണം എന്നാശിക്കുന്നു.