LOAD RESTRICTION DUE TO SHORTAGE IN CENTRALSHARE

General Topics

Moderator: kunjunnips

Post Reply
ntjobthirur
First
Posts: 91
Joined: Mon Oct 29, 2012 1:04 pm

LOAD RESTRICTION DUE TO SHORTAGE IN CENTRALSHARE

Post by ntjobthirur »

കേന്ദ്രവിഹിതത്തില്‍ കുറവ് : വൈദ്യുതി നിയന്ത്രണം തുടരും

MATHRUBHUMI 6/10/2013
തിരുവനന്തപുരം: കേന്ദ്രവിഹിതത്തിലെ കുറവുകാരണം കേരളത്തില്‍ വീണ്ടും വൈദ്യുതി നിയന്ത്രണം. വെള്ളിയാഴ്ച രാത്രിമുതല്‍ തുടങ്ങിയ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ഏതാനും ദിവസങ്ങള്‍കൂടി തുടര്‍ന്നേക്കാം. എന്നാല്‍ നഗര പ്രദേശങ്ങളെ നിയന്ത്രണത്തില്‍ നിന്ന് പരമാവധി ഒഴിവാക്കാനാണ് തീരുമാനം.

നല്ല മഴ കിട്ടിയതുകാരണം പകല്‍സമയത്ത് കേരളം വൈദ്യുതി വില്‍ക്കുന്നുണ്ടെങ്കിലും രാത്രിയിലെ വര്‍ദ്ധിച്ച ആവശ്യം നേരിടാന്‍ പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്നുണ്ട്. ഇതില്‍ വന്ന കുറവുകാരണമാണ് ഇപ്പോള്‍ നിയന്ത്രണം വേണ്ടിവരുന്നത്. വൈകുന്നേരം ആറരമുതല്‍ രാത്രി പത്തരവരെയുള്ള സമയത്താണ് നിയന്ത്രണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ഒഡീഷയിലെ താല്‍ച്ചറില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയുടെ അളവിലാണ് ഇപ്പോള്‍ കുറവുള്ളത്. 420 മെഗാവാട്ട് വൈദ്യുതിയാണ് താല്‍ച്ചറില്‍ നിന്ന് ദിവസവും ലഭിക്കേണ്ടത്. എന്നാല്‍ അവിടത്തെ യന്ത്രത്തകരാറും കല്‍ക്കരിയുടെ ദൗര്‍ലഭ്യവും മൂലം അത് 75 മെഗാവാട്ടായി കുറഞ്ഞിരുന്നു. ഇതുകാരണം ദക്ഷിണേന്ത്യയിലെ പലയിടത്തും വൈദ്യുതി ലഭ്യത കുറഞ്ഞിരുന്നു.

തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനെതിരെ ആന്ധ്രാപ്രദേശില്‍ നടക്കുന്ന സമരം കാരണം അവിടത്തെ കേന്ദ്ര വൈദ്യുതി നിലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. താല്‍ച്ചറിലെ തകരാറുമൂലമുള്ള കുറവ് പരിഹരിക്കാന്‍ മറ്റ് നിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭിക്കാത്ത സ്ഥിതിയുണ്ട്. സമരം കാരണം കല്‍ക്കരി കൊണ്ടുപോകുന്നതും തടസ്സപ്പെട്ടിട്ടുണ്ട്. വൈദ്യുതി തേടി ആന്ധ്രാപ്രദേശ് വൈദ്യുതി ബോര്‍ഡ് കേരളത്തിലെ ബോര്‍ഡിനെയും ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നം എന്ന് പരിഹരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളെ ബാധിക്കാത്തവിധം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം ലഭിച്ച വിവരമനുസരിച്ച് താല്‍ച്ചറില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് 149 മെഗാവാട്ടില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള രാത്രിസമയത്ത് ഉണ്ടാകുന്ന കുറവ് നികത്താന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ കേരളത്തിന് ലൈനിന്റെ കുറവുമുണ്ട്. ഇത് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണമാണ്.
Post Reply