വൈദ്യുതി മേഖലയെ സംബന്ധിച്ച് കേന്ദ്രബജറ്റ് നിരാശാജനകമെന്ന് സെമിനാര്‍
കൊല്ലം: വൈദ്യുതി മേഖലയെ മഥിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രബജറ്റിന് കഴിഞ്ഞിട്ടില്ലെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
ഊര്‍ജമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. 'കേന്ദ്രബജറ്റും ഊര്‍ജമേഖലയും' എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് രണ്ട് ശതമാനം കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയ ബജറ്റ് നിര്‍ദ്ദേശം വൈദ്യുതി മേഖലയ്ക്ക് ഇരുട്ടടിയാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ വൈദ്യുതിബോര്‍ഡ് അംഗം കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ടണ്ണിന് 50 രൂപയിലധികം വിലവര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. ഇപ്പോള്‍ തന്നെ കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിന് ഇത് തിരിച്ചടിയാണ്. ഡീസലിന്റെ വിലവര്‍ദ്ധനവ് കൂടിയാകുമ്പോള്‍ കല്‍ക്കരിയില്‍ നിന്നുല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 15 പൈസയുടെയെങ്കിലും വര്‍ദ്ധനവുണ്ടാകും. താപനിലയങ്ങളുടെ സിംഹഭാഗവും പൊതുമേഖലയിലാണെന്നതും അധികം ഉല്‍പാദനം ലക്ഷ്യമിട്ടിരിക്കുന്നത് താപവൈദ്യുത മേഖലയിലാണെന്നതും പ്രതിസന്ധി ആഴമേറിയതാക്കും.
സാമ്പത്തികസര്‍വേയില്‍ വിഭാവനം ചെയ്ത പരിസ്ഥിതി സംരക്ഷണഫണ്ട് ബജറ്റില്‍ ഇടംപിടിക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ജലവൈദ്യുതി നിലയങ്ങള്‍ പരിസ്ഥിതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ക്ക് പരിഹാരമായാണ് ഫണ്ട് ഏര്‍പ്പെടുത്താന്‍ സാമ്പത്തികസര്‍വെ രണ്ട് വര്‍ഷം മുമ്പ് നിര്‍ദ്ദേശിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലം തടസ്സപ്പെട്ടിരിക്കുന്ന ജലവൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണം മുന്നോട്ടുപോകാന്‍ ഫണ്ട് ഏറെ സഹായകരമാകുമെന്നിരിക്കെ കേന്ദ്രബജറ്റ് ഇതേക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്.
ഊര്‍ജമേഖലയ്ക്കായി പ്രത്യേകനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും വൈദ്യുതിചാര്‍ജ് വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും സാമ്പത്തിക-വ്യാവസായിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്യുമെന്ന് സെമിനാര്‍ വിലയിരുത്തി. കല്‍ക്കരിക്കും മറ്റ് ഇന്ധനങ്ങള്‍ക്കും വിലവര്‍ദ്ധിപ്പിച്ചതും ഊര്‍ജ്ജപദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് വിലങ്ങുതടിയാകുന്ന നിര്‍ദ്ദേശങ്ങളും, ഊര്‍ജ്ജോല്‍പാദനത്തിന് സഹായകരമായ നിലപാടില്ലാത്തതും അന്തര്‍സംസ്ഥാന പ്രസരണസംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. ഇവ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നുംതന്നെ ബജറ്റിലില്ല. ഊര്‍ജോല്‍പാദനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടില്ലെങ്കില്‍ കേരളം ഇരുട്ടിലേക്ക് നീങ്ങുമെന്ന് സെമിനാര്‍ മുന്നറിയിപ്പ് നല്‍കി. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളുടെ പ്രയോജനം ലഭിക്കണമെങ്കില്‍ പാരമ്പര്യേതര ഊര്‍ജമേഖലയുടെ ഘടനാപരമായ സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
സൗരോര്‍ജവൈദ്യുതി മേഖലയില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജിഎച്ച് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സൗരോര്‍ജപാനലുകളുടെ വിലകുറയുന്നുണ്ടെങ്കിലും കമ്പനികളെ എംപാനല്‍ ചെയ്യാനും നിലവാരം ഉറപ്പുവരുത്താനും സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാട്ടാത്തതിനാല്‍ ഇതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.
സൗരോര്‍ജ്ജ വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ വൈദ്യുതിബോര്‍ഡ് കൈക്കൊള്ളണമെന്ന് അസോസിയേഷന്‍ മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ ടി ജോബ് പറഞ്ഞു. 10,000 മെഗാവാട്ട് ഊര്‍ജം ഈ മേഖലയില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകുമെന്ന് സൗരോര്‍ജ വിദഗ്ദ്ധനായ കെ ശിവദാസ് ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ സെമിനാറില്‍ അദ്ധ്യക്ഷനായിരുന്നു.
UNION BUDGET & POWER
Moderator: kunjunnips