അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുത്: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി
ന്യൂഡെല്‍ഹി, മെയ് 25, 2012 09:16
http://www.thesundayindian.com/ml/story ... t/14/3362/
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള (ESZ 1)ല്‍ വനമേഖലയുടെ പരിധിയില്‍ വരുന്നതിനാല്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് പശ്ചിമഘട്ടം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഗുണ്ടിയ ഡാം പദ്ധതിക്കും അനുമതി നല്‍കരുതെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
ചാലക്കുടി പുഴയിലെ മത്സ്യവൈവിദ്ധ്യം കണക്കിലെടുത്ത് പുഴയെ മത്സ്യവൈവിദ്ധ്യമേഖലയാക്കി പ്രഖ്യാപിക്കണമെന്നും ഉടുമ്പന്‍ചോല താലൂക്കിനെ ജൈവവൈവിദ്ധ്യസമ്പന്നമായ പ്രദേശമായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതുപോലെ ചാലക്കുടി പുഴയേയും സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
ചാലക്കുടിപ്പുഴയ്ക്ക് കുറുകെ ഡാം നിര്‍മ്മിച്ച് 163 മെഗാ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് കെ എസ് ഇ ബി മുന്നോട്ടുവെച്ചത്. 23മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. 104 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാവുന്ന ഈ പദ്ധതിക്ക് 138 ഹെക്ടര്‍ വനഭൂമി ആവശ്യമുണ്ട്.
പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്ന 142 താലൂക്കുകള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളായി (Ecologically Sensitive Zones- ESZ) ആയി പ്രഖ്യാപിക്കുവാന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇ. എസ്. സെഡ് (ESZ)-1, 2, 3 എന്നിങ്ങനെ വ്യത്യസ്ത മേഖലകളാക്കി വേര്‍തിരിച്ച് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് കമ്മിറ്റി ലക്‌ഷ്യമിടുന്നത്. ഇതിന് പുറമെ ESL- (Ecologically Sensitive Localities) സംബന്ധിച്ചും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ESL പ്രദേശങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളെക്കുറിച്ച് നിര്‍ദ്ദേശമൊന്നും നല്‍കുന്നില്ല. ഇത് സങ്കീര്‍ണമായ ഭരണപരമായ നടപടികള്‍ കൂടി വേണ്ടി വരുന്ന മേഖലയായതുകൊണ്ടാണ് കമ്മിറ്റി അതിന് ഒരുമ്പെടാതിരുന്നത്.
ഇ എസ് സെഡ്-1 ല്‍ പെടുന്ന മേഖലയില്‍ പുതിയ ഡാമുകളൊന്നും അനുവദിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന പ്രദേശവും നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിപ്രദേശവും ഈ മേഖലയില്‍ പെടും. ഈ മേഖലകള്‍ നിര്‍ണയിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളോട് അഭിപ്രായമാരാഞ്ഞിരുന്നു പലതവണ ആവര്‍ത്തിച്ച് കത്തയച്ചിട്ടും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയിരുന്നില്ല. കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ മാത്രമാണ് ഇതുസംബന്ധിച്ച് കേന്ദ്രത്തിന് മറുപടി അയച്ചത്. ഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രത്തിന് കൂടുതല്‍ നടപടിയെടുക്കണമെങ്കില്‍ സംസ്ഥാനങ്ങളുടെ പ്രതികരണം ആവശ്യമായിരുന്നു.
ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലഭിച്ച് ഏറെ മാസങ്ങളായിട്ടും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മന്ത്രാലയം തയ്യാറായില്ല. ഇതിനെതിരെ പരാതികളുയര്‍ന്നപ്പോള്‍ സംസ്ഥാനങ്ങളുടെ പ്രതികരണം ലഭിച്ചില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ഡെല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രയുടെ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നാണ് പശ്ചിമഘട്ടം ആരംഭിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്ന പശ്ചിമഘട്ടം ലോകത്തിലെ തന്നെ ഏറ്റവും ജൈവവൈവിദ്ധ്യമേറിയ വനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപൂര്‍വ്വ പര്‍വ്വതനിരയാണ്. മഹാരാഷ്ട്ര, ഗോവ കര്‍ണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 1600 കിലോമീറ്റര്‍ നീളത്തിലാണ് പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നത്.
Athirappally KSEB Hydro Project - Not to sanction
Moderator: kunjunnips